- Home
ഉണങ്ങിയ ഇലയില്‍, ആത്മഹത്യയെന്ന് പറഞ്ഞു കേസവസാനിപ്പിക്കാന്‍ പോലീസ്, ദളിത് ബാലന്റെ ദുരൂഹ മരണത്തിൽ തുടർ അന്വേഷണം വേണമെന്ന് ആവശ്യം
25 Jun 2020 7:52 AM IST
ഉണങ്ങിയ വാഴയിലയുടെ തണ്ടില്‍ 33 കിലോ ഭാരമുള്ള ഒരു കുട്ടിക്ക് തൂങ്ങി മരിക്കാന്‍ കഴിയുമോ? കൊല്ലം ഏരൂരില്‍ ദളിത് ബാലന്റെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉയര്‍ത്തുമ്പോള്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത് കുട്ടിയുടേത് തൂങ്ങി മരണം എന്ന കണ്ടെത്തലില്‍ തന്നെ. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന വിജീഷ് മരിച്ചിട്ട് ഏഴ് മാസങ്ങള്‍ കഴിയുന്നു. എന്നാല്‍ വേണ്ട രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നും ദുരൂഹ മരണം അന്വേഷിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും പരാതി ഉയരുന്നു. 13 വയസ്സുള്ള വിജീഷ് ഉണങ്ങിയ വാഴയിലയുടെ തണ്ടില്‍ തൂങ്ങി മരിച്ചു എന്ന എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന അതേ കാര്യം ആവര്‍ത്തിക്കുകയാണ് പോലീസ്. മറ്റൊന്നും ഇതേവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറയുമ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങള്‍ക്ക് നല്‍കാതെ പോലീസ് അലംഭാവം കാണിച്ചു എന്ന് മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് വിജീഷിനെ വീടിന് സമീപത്തുള്ള വയലില്‍ വാഴത്തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 19ന് വൈകിട്ട് തന്നെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ ആറരയോടെയാണ് വിജീഷിനെ വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങി താഴെ മുട്ട് കുത്തി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് എഫ്ഐആറില്‍ പറയുന്നതിങ്ങനെ ' 14 വയസ്സുള്ള വിജീഷ് ബാബുവും കൂട്ടുകാരും ചേര്‍ന്ന് ബീഡി വലിക്കുന്നത് കണ്ട് പരിസര വാസികള്‍ കുട്ടിയുടെ മാതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് വഴക്ക് പറയും എന്ന് പേടിച്ച് 19-ാം തീയതി വൈകിട്ട് ആറ് മണിയോടെ ഇയാള്‍ താമസിച്ചുവന്ന ചില്ലിങ് പ്ലാന്റ് വിഷ്ണുഭവന്‍ വീട്ടില്‍ നിന്നും ഓടിപ്പോയി. 20ന് ഏഴ് മണിക്ക് അകമുള്ള സമയം സോമന്റെ വക വാഴത്തോട്ടത്തില്‍ ഒരു വാഴയുടെ ഉണങ്ങിയ കയ്യില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ട് നില്‍ക്കുന്നത് കാണപ്പെട്ടു'. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിന് പിന്നിലെ സത്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജീഷിന്റെ അച്ഛനും അമ്മയും പല തവണ പോലീസ് സ്റ്റേഷനിലെത്തി.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ടി ആര്‍ ബാബു തന്റെ മകനും തനിക്കും നീതി ലഭ്യമാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. "എത്രയോ തവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങി. ആദ്യം പറഞ്ഞതില്‍ കൂടുതലൊന്നും അവര്‍ക്ക് പറയാനുണ്ടായിരുന്നില്ല. അത് വാഴയില്‍ തൂങ്ങി ചത്തത് തന്നെയാണ്, അതില്‍ കൂടുതലൊന്നും ഇല്ല എന്ന് പറഞ്ഞ് ഓരോ തവണയും എന്നെ മടക്കി. ഒടുക്കം ഞങ്ങള്‍ പരാതിയുമായി കൊട്ടാരക്കര റൂറല്‍ എസ് പി യെ ചെന്ന് കണ്ടു.' ബാബു പറഞ്ഞു. റൂറല്‍ എസ് പി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നു. "രണ്ടാഴ്ച കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും റൂറല്‍ എസ് പി യെ കാണാന്‍ ചെന്നു. അന്വേഷിച്ചു. പ്രത്യേകിച്ച് കാരണമൊന്നുമില്ല. അത് തൂങ്ങി മരണം തന്നെയാണ് എന്നാണ് എസ് പി പറഞ്ഞത്. എന്ത് അന്വേഷണമാണ് അവര് നടത്തിയതെന്ന് അറിയില്ല."
മരണത്തില്‍ സംശയമായി ബന്ധുക്കളും നാട്ടുകാരും ചില കാരണങ്ങളും ഉന്നയിക്കുന്നു. 14 വയസ്സുള്ള 33 കിലോ ഭാരം ഉള്ള കുട്ടിക്ക് എങ്ങനെയാണ് ഉണങ്ങിയ വാഴയിലയുടെ തണ്ടില്‍ തൂങ്ങി മരിക്കാന്‍ കഴിയുക? അന്ന് കുട്ടിയേക്കാള്‍ വലുപ്പം കുറവായിരുന്നു വാഴയ്ക്കെന്ന് പോലീസ് റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയുള്ളപ്പോള്‍ തൂങ്ങി മരണം സാധ്യമാവുമോ? വിരലടയാളം പരിശോധിച്ചതല്ലാതെ ഫോറന്‍സിക് പരിശോധനകളോ ഡമ്മി പരിശോധനയോ ദുരൂഹത ആരോപിക്കപ്പെട്ടപ്പോള്‍ പോലും നടന്നില്ല. അത് ചെയ്യാതെ ആത്മഹത്യയാണെന്ന തീര്‍പ്പിലേക്ക് പോലീസ് എത്തിയതെങ്ങനെയാണ്? പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മുഖത്ത് അടിയേറ്റ പാടും, നെറ്റിയില്‍ മുഴയും ശരീരത്തിലാകെ 14 മുറിവുകളും ഉണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ ആണെന്ന് ഉറപ്പിക്കുന്നുണ്ടെങ്കിലും ഈ മുറിവുകളും പാടുകളും എങ്ങനെ വന്നു എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ഉണ്ടായിട്ടില്ല. മരിച്ച സമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ല എന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ അന്വേഷിച്ചിട്ടും ആത്മഹത്യ ആണെന്നതല്ലാതെ മറ്റൊരു തുമ്പും കിട്ടിയിട്ടില്ലെന്ന് ഏരൂര്‍ പോലീസ് പറയുന്നു.
വിജീഷിന്റെ അമ്മ എം ബിന്ദു പറയുന്നു, "ബീഡി വലിച്ചതിന് ഞാന്‍ അടിക്കുമോ എന്ന് പേടിച്ച് അവന്‍ ഇത് ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. പക്ഷെ എനിക്കത് വിശ്വസിക്കാന്‍ കഴിയില്ല. ഈ വീട്ടില്‍ വിജീഷും ഞങ്ങളുടെ മൂത്ത മകനും എന്റെ ഭര്‍ത്താവും ഞാനും ഉള്‍പ്പെടെ നല്ല സുഹൃത്തുക്കളെപ്പോലെയാണ് കഴിഞ്ഞത്. ഒരു അടിയും വഴക്കും ഒന്നും ഇവിടെ ഉണ്ടാവാറില്ല. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ ദിവസം ഞാന്‍ തൊഴിലുറപ്പ് ജോലിക്ക് പോയിട്ട് വരുമ്പോള്‍ അവനും അവന്റെ രണ്ട് കൂട്ടുകാരും മുറ്റത്ത് സൈക്കിള്‍ നന്നാക്കിക്കൊണ്ടിരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ വീടിന് അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കുട്ടികളെ പ്രദേശത്തുള്ളവരെല്ലാം വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നത് കണ്ടു. 'ആന്റീ ഇങ്ങോട്ട് വാ, വിജീഷ് ബീഡി വലിച്ചതിന് ആളുകള്‍ ചോദ്യം ചെയ്യുന്നു' എന്ന് പറഞ്ഞ് അടുത്തവീട്ടിലെ ഒരു പെണ്ണാണ് എന്നെ വന്ന് വിളിച്ചത്. ഞാന്‍ അങ്ങോട്ട് കേറിച്ചെന്നപ്പോള്‍ വിജീഷ് ഓടി വീട്ടിലേക്ക് പോയി. ഞാന്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ പിന്നെ അവനെ കാണാനില്ല. ഞങ്ങളെല്ലാം എല്ലായിടത്തും തിരഞ്ഞു. പിന്നെ രാവിലെ അവന്‍ വാഴച്ചോട്ടില്‍ ഇരിക്കുന്നതാണ് കണ്ടത്. ക്രിസ്മസ് കരോളിന് പോവാന്‍ ബാന്റും ചെണ്ടയും ഒക്കെ വാങ്ങിച്ച് വീട്ടില്‍ വച്ചിരുന്ന അവന്‍ എന്തായാലും ആത്മഹത്യ ചെയ്യും എന്ന് ഞാന്‍ വശ്വസിക്കുന്നില്ല."
എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പല തവണ ആവശ്യപ്പെട്ടിട്ടും പോലീസില്‍ നിന്ന് ലഭിക്കാത്തതിലും ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നു. വിജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയയിടത്ത് രാത്രിയില്‍ പോലീസും നാട്ടുകാരും എല്ലാം തിരച്ചില്‍ നടത്തിയിരുന്നതാണ്. എന്നാല്‍ അപ്പോഴൊന്നും കാണാത്ത കുട്ടിയെ രാവിലെ വാഴയില്‍ തൂങ്ങിയ നിലയില്‍ കണ്ടത് സംശയകരമാണെന്ന് ബാബു പറയുന്നു. "രാത്രി 12 മണിക്കും ഒരു മണിക്കും എല്ലാം വയലിലും റബ്ബര്‍ തോട്ടത്തിലും എല്ലാം വീണ്ടും വീണ്ടും മോന് വേണ്ടി നോക്കുന്നുണ്ട്. അപ്പോഴൊന്നും കാണാത്തയാള്‍ എങ്ങനെയാണ് ആറ് മണി കഴിഞ്ഞപ്പോള്‍ അവിടെ മരിച്ച് കിടക്കുന്നത്? ഇനി ബീഡി വലിച്ചത് ചോദ്യം ചെയ്തതിന് ആത്മഹത്യ ചെയ്തു എന്ന് പോലീസുകാര്‍ പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ പിള്ളേരെ ചോദ്യം ചെയ്തവര്‍ അതുപോലെ അവരെ വഴക്ക് പറയുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാവണമല്ലോ? അത്തരത്തില്‍ ഒരന്വേഷണവും നടന്നിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കിട്ടാന്‍ കാലങ്ങളോളം ഞങ്ങള്‍ സ്റ്റേഷനില്‍ കയറിയിറങ്ങി. അവസാനം ഒരു വക്കീലിനെ കണ്ട് പരാതി കൊടുത്തതിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയത്. എനിക്കിനി എന്റെ കുഞ്ഞിനെ കിട്ടില്ല. പക്ഷെ അവന്‍ എങ്ങനെ മരിച്ചു എന്നറിയാനുള്ള അവകാശം എനിക്കുണ്ട്. എനിക്ക് വിദ്യാഭ്യാസമില്ല. മക്കളെയെങ്കിലും പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് കട്ടയും മണ്ണും ചുമക്കാന്‍ പോവുന്നത്. ഭാര്യ തൊഴിലുറപ്പിനും പോവും. പഠിക്കാന്‍ കാശില്ലാത്തത് കൊണ്ട്, ഇളയ കുട്ടിയെ പഠിപ്പിക്കാനായി മൂത്ത മകനും ജോലിക്ക് പോവുകയാണ്. തൂങ്ങി മരിക്കണമെങ്കില്‍ ഞങ്ങളെല്ലാം ജോലിക്ക് പോവുന്ന സമയത്ത് അവനത് ചെയ്യാം. കരോളിനുള്ള മിഠായിയും മറ്റും വാങ്ങിച്ച് ഇവിടെ വച്ചിരിക്കുന്നവന്‍ പോയി വാഴയില്‍ തൂങ്ങി മരിക്കും എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പറ്റില്ല. അടിക്കും വഴക്ക് പറയും എന്ന് പേടിച്ച് ആത്മഹത്യ ചെയ്യാന്‍ മക്കളെ വഴക്ക് പറയാതെയോ അടിക്കാതെയോ വളര്‍ത്തിയവരല്ല ഞങ്ങള്‍. പക്ഷെ ഞങ്ങള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി കേസിന് പോവാനൊന്നും ഇല്ല. പോലീസില്‍ നിന്ന് നീതി കിട്ടിയാലേ ഉള്ളൂ." ബാബു പറഞ്ഞ് നിര്‍ത്തി.
ഏരൂരിന് സമീപമുള്ള പത്തനാപുരത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പോലീസ് അന്വേഷണത്തിലും ഇത് തൂങ്ങി മരണം എന്ന് ഉറപ്പിച്ചു. എന്നാല്‍ പിന്നീട് 2018ല്‍ പുനരന്വേഷണത്തില്‍ ആ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഇതേ സംശയമാണ് പ്രദേശത്തുള്ളവര്‍ ആരോപിക്കുന്നത്. പ്രദേശവാസിയായ ജെ അഭിഷേക് പറയുന്നു, "ആത്മഹത്യയാണെങ്കില്‍ അത് ആണെന്നതിനുള്ള തെളിവെങ്കിലും പോലീസ് തരണം. ഇല്ലെങ്കില്‍ അത് തെളിയിക്കുന്നതിന് എന്ത് പരിശോധനയാണ് നടത്തിയതെന്ന് പറയണം. അത്തരം തെളിവുകളൊന്നും ഇല്ലാതെ വാഴയിലയില്‍ തൂങ്ങി മരിച്ചു എന്ന് പറയുന്നതില്‍, ആ കുട്ടി മരിച്ച് കിടക്കുന്നത് നേരില്‍ കണ്ട നാട്ടുകാര്‍ക്ക് സംശയമുണ്ട്." കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഭിഭാഷകനായ ഷാനവാസ്. സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്ന് ഷാനവാസ് പറഞ്ഞു. പോലീസ് ആത്മഹത്യയാണെന്ന് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരാതിയുള്ളതിനാല്‍ അന്വേഷണം പോലീസ് അവസാനിപ്പിച്ചിട്ടില്ലെന്ന് ഏരൂര്‍ സി ഐ വ്യക്തമാക്കി. അതേ സമയം സംശയം തോന്നത്തക്ക തരത്തില്‍ ഇതേവരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് സി എസ് ടി പിഎ സെക്ഷന്‍ നാല് പ്രകാരം കേസന്വേഷണവുമായി ബന്ധപ്പെട്ട ദളിത് വിഭാഗത്തില്‍ പെട്ടയാളുകള്‍ക്ക് ഉത്തരവാദിത്തപ്പെട്ടതോ അവകാശപ്പെട്ടതോ ആയ രേഖകള്‍ കൈമാറാന്‍ പോലീസ് ബാധ്യസ്ഥരാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസം വരുത്തിയതിനെയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെയും നിയമപരമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രദേശവാസികളായ ചിലര്‍.