മത്സ്യത്തൊഴിലാളികള്‍ കുടിയിറക്കപ്പെടുമ്പോള്‍, കടലിന്റെ തീരം ആരുടേത്?

മത്സ്യത്തൊഴിലാളികള്‍ കുടിയിറക്കപ്പെടുമ്പോള്‍, കടലിന്റെ തീരം ആരുടേത്?
By സികേഷ് ഗോപിനാഥ് & ഷി​ബിൽ വി.എം • 30/01/2020 at 7:25PM

തീരപ്രദേശത്ത് അമ്പത് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ സ്ഥലം ഏറ്റെടുത്ത് അതില്‍ തീരദേശ ഹൈവേയും സംരക്ഷിത വനവും നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിന്റെ സ്വന്തം സൈന്യം, അങ്ങനെയാണ് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മഞ്ചേശ്വരം മുതല്‍ പാറശാല വരെയുളള മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടമാകുന്ന സാഹചര്യമാണ് നിലവില്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരദേശ നിയമം ലംഘിച്ചെന്ന് ആരോപിച്ച് പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. കേരളത്തില്‍ തന്നെ ഏറ്റവും അധികം പേരെ തീരപ്രദേശത്ത് നിന്ന് മാറ്റേണ്ടി വരുന്നത് ആലപ്പുഴയിലെ പുന്നപ്രയിലാണ്. സുനാമി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നിര്‍മ്മിച്ച് നല്‍കിയ വീടുകളും സിആര്‍ഇസഡ് പരിധിയില്‍ വരുന്നു എന്നതാണ് ഇതിലെ വിചിത്രമായ മറ്റൊരു വശം. മത്സ്യത്തൊഴിലാളികള്‍ അവരുടെ ജീവിതം പറയുന്നത് കാണാം.

തീരത്ത് നിന്നും മാറുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ മത്സ്യഭവന്റെ നേതൃത്വത്തില്‍ പുനര്‍ഗേഹം എന്ന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 10 ലക്ഷം രൂപയാണ് വീടും സ്ഥലവും വാങ്ങാനായി ഇതുപ്രകാരം നല്‍കുന്നത്. ആരെയും നിര്‍ബന്ധിച്ച് തീരത്ത് നിന്ന് മാറ്റിത്താമസിപ്പിക്കുന്നില്ല എന്ന് പറയുമ്പോഴും വീടും സ്ഥലവും വിട്ടുകൊടുക്കാത്തവര്‍ക്ക് ഭാവിയില്‍ സഹായങ്ങളൊന്നും ലഭിക്കില്ല എന്ന ഭീഷണിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൂടാതെ നിലവിലെ സാഹചര്യത്തില്‍ 10 ലക്ഷം രൂപ സ്ഥലം വാങ്ങാന്‍ മാത്രമേ തികയു. പിന്നെങ്ങനെ ഈ തുകയ്ക്ക് വീട് വെക്കും, തീരത്ത് നിന്ന് മാറുന്നതോടെ മത്സ്യബന്ധനം തന്നെ താറുമാറാകും, ജീവിതം പട്ടിണിയിലാകും എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ പങ്കുവെയ്ക്കുന്നു. ചുരുക്കത്തില്‍ നിയമത്തിനും കടലിനും ഇടയിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം.

Read the full